ചിറ്റാരിക്കാൽ: മലയോര ജനതയുടെ വികസന സ്വപ്നങ്ങൾക്ക് ചിറകു നൽകിക്കൊണ്ട് വെള്ളരിക്കുണ്ട് താലൂക്കിലെ (ചെറുപുഴ - കോളിച്ചാൽ റീച്ച്) ഹിൽഹൈവേയുടെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. മുടങ്ങിക്കിടക്കുന്ന വനപ്രദേശത്തെ അനുമതി കൂടി ലഭിച്ചാൽ പ്രവർത്തി എത്രയും പെട്ടെന്ന് തന്നെ പൂർത്തീകരിക്കാനാകും. ചിറ്റാരിക്കാൽ, മാലോം, കോളിച്ചാൽ എന്നിവയാണ് താലൂക്കിൽ ഹിൽഹൈവേ കടന്നു പോകുന്ന പ്രധാന ടൗണുകൾ.

മലയോര ഹൈവേ യാഥാർഥ്യമാകുന്നതോടെ കൂടി വികസനകാര്യത്തിൽ എന്നും പിന്നോക്കം കിടന്നിരുന്ന ഈ മലനാട് മേഖലയിലെ  വാണിജ്യ-ഗതാഗത സാംസ്കാരിക തലങ്ങളിലെ കുതിച്ചു ചട്ടങ്ങൾക്ക് വഴിവെക്കും. വെള്ളരിക്കുണ്ട് താലൂക്കിൽ മലയോര ഹൈവേ കടന്നു പോകുന്ന മൂന്നു പ്രധാന ടൗണുകളും ഇതിനോടകംതന്നെ വളർച്ചയിൽ അധിവേഗം  മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നിരുന്നാൽ തന്നെയും ഈ ടൗണുകളിൽ അടിസ്ഥാന സൗകര്യങ്ങളിൽ മലയോര ഹൈവേ മുന്നിൽകണ്ടുള്ള ഒരുക്കങ്ങൾ പ്രാദേശിക ഭരണകൂടങ്ങൾ ഇനിയും നിർവ്വഹിക്കേണ്ടതുണ്ട്.

ചിറ്റാരിക്കാൽ

കാസർകോട് ജില്ലയിൽ പ്രവേശിക്കുന്ന മലയോര ഹൈവേയിലെ  ആദ്യ ടൗൺ. ഇതിനോടകംതന്നെ പുതിയ ബസ്റ്റാൻഡും, കോംപ്ലക്സും ഒരുങ്ങിക്കഴിഞ്ഞു.  മലയോര ഹൈവേക്ക്‌  ബദലായി ടൗണിന് പുറത്തുകൂടി ഉള്ള ബൈപ്പാസ് റോഡിന്റെ നിർമ്മാണം ഏകദേശം തീരാറായി.  ഇതോടെ ചിറ്റാരിക്കാൽ ടൗണിലും പ്രധാന ജംഗ്ഷനുകളിലും കയറാതെ തന്നെ ചെറുപുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ബൈപ്പാസ് റോഡ് വഴി വന്നു ബസ് സ്റ്റാൻഡിനു സമീപം മലയോര ഹൈവേയിൽ തിരികെ പ്രവേശിച്ചു നേരെ മാലോം ഭാഗത്തേക്ക് യാത്ര തുടരാവുന്നതാണ്.

മാലോം

ബസ്റ്റാൻഡ്, പാർക്കിങ് സ്പേസ് മുതലായവ നിലവിലില്ലാത്ത മാലോം ടൗണിലേക്ക് കൂടുതൽ വാഹനങ്ങൾ വേഗതയിൽ എത്തുന്നത് ഇപ്പോൾ തന്നെയുള്ള ട്രാഫിക് ബുദ്ധിമുട്ട് ഒന്നുകൂടി വർദ്ധിപ്പിക്കും. താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലേക്ക് ഇരുവശങ്ങളിൽ നിന്നും മലയോര ഹൈവേ വഴി വരുന്ന വാഹനങ്ങൾ തിരിഞ്ഞു പോകേണ്ടത് മാലോത്തെ കോലുങ്കാൽ ജംഗ്ഷനിൽ നിന്നാണ്.  ഇതോടെ കോലുങ്കാൽ മാലോം ടൗണിന്റെ  പ്രധാന ജംഗ്ഷൻ ആകും. നിലവിലുള്ള പുല്ലോടി റോഡ് മലയോര ഹൈവേയുടെ മാലോത്തെ ബൈപാസ് ആയി  വികസിപ്പിച്ചാൽ കോലുങ്കാൽ ജംഗ്ഷൻ അടക്കം  മാലോം ടൗണിലെ പ്രധാന ഭാഗങ്ങളിലെ ട്രാഫിക് ഒഴിവാക്കാൻ സാധിക്കും. ഇതോടൊപ്പം  ബസ്റ്റാൻഡും, ടാക്സി വാഹനങ്ങൾക്കുള്ള പാർക്കിംഗ് സ്റ്റാൻഡുകളും,  അനുബന്ധ വികസന പ്രവർത്തികളും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഇവിടെ നടപ്പാവേണ്ടതുണ്ട്. 


കോളിച്ചാൽ

മലയോര ഹൈവേയും, നിർദ്ദിഷ്ട കാഞ്ഞങ്ങാട് - മടിക്കേരി ദേശീയ പാതയും തമ്മിൽ മുറിച്ചു കടക്കുന്ന കോളിച്ചാൽ ടൌൺ വെള്ളരിക്കുണ്ട് താലൂക്കിലെ പ്രധാന റോഡുകളുടെ സംഗമ സ്ഥാനവും, മലയോര ഹൈവേയോടൊപ്പം നിർദ്ദിഷ്ട ദേശീയപാതയും യാഥാർഥ്യമാകുന്നതോടെ  കാസർഗോഡ് ജില്ലയിലെ തന്നെ ഒരു പ്രധാന ജംഗ്ഷനായി കോളിച്ചാൽ മാറും. ബസ്സ്റ്റാൻഡിന്റെയും  മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം നിലവിൽ കോളിച്ചാലും നേരിടുന്നു. 18 ആം മൈൽ ജംഗ്ഷൻ ഒഴിവാക്കിയുള്ള കോളിച്ചാൽ ടൗൺ - പ്രാന്ത്ർക്കാവ് റോഡ് മലയോര ഹൈവേക്ക്‌ ബൈപാസ്സ് ആയി നവീകരിക്കേണ്ടതുണ്ട്.