മാലോം: നാൽപ്പത്തിമൂന്നാമത് ചിറ്റാരിക്കാൽ സബ്ബ് ജില്ലാ കേരള സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് മാലോത്ത് കസബ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലേക്ക് മാലോം ടൗണിൽ നിന്നും കലവറ നിറക്കൽ വിളമ്പര ഘോഷയാത്ര നടന്നു . ചിറ്റാരിക്കാൽ ഉപജില്ലയിലെ 52 വിദ്യാലയങ്ങളിൽ നിന്നായി 305 മത്സരഇനങ്ങളിൽ ആയിരത്തിലധികം പ്രതിഭകളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. ഏഴ് വേദികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 4-ന് രാവിലെ 11 മണിക്ക് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. നിർവ്വഹിക്കും. സംഘാടകസമിതി ചെയർമാൻ രാജു കട്ടക്കയം ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം സോവനീർ പ്രകാശനം നിർവ്വഹിക്കും. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് മാസ്റ്റർ ശ്രീപദ് യാൻ ചടങ്ങിൽ വിശിഷ്ടാതിഥിയായിരിക്കും.
ആർ.ഡി.ഡി. എ.കെ. വിനോദ് കുമാർ ആമുഖപ്രഭാഷണം നടത്തും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ. ലത, പി.വി. അനു, മേഴ്സി മാണി, എം. രാജൻ, ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജെയിൻ, പി.ടി.എ. പ്രസിഡന്റ് എൻ.വി. പ്രമോദ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോസ് എം. ജോർജ്ജ് തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ ആശംസകൾ നേരും.
0 അഭിപ്രായങ്ങള്‍