പാണത്തൂർ: മലയാളികൾക്കിനി മാതൃ ഭാഷയിൽ മറ്റ് ഭാഷകൾ പഠിക്കാം. ഇതിനായി ഒരു പുതിയ ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ബളാംതോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ പാണത്തൂർ സ്വദേശി ഗോകുൽ കൃഷ്‌ണ. വിദേശ ഭാഷകളായ ഇംഗ്ലീഷ്, ജർമ്മൻ സ്പാനിഷ്, ഫ്രഞ്ച് അറബിക് തുടങ്ങിയവയും, ഇന്ത്യൻ ഭാഷകളായ ഹിന്ദി, മാറാഠി, കന്നട തുടങ്ങിയ 24 ഭാഷകളും ഈ ആപ്പ് ഉപയോഗിച്ച് സൗജന്യമായി പഠിക്കാം. 
നിലവിൽ മറ്റ് ഭാഷകൾ പഠിക്കാനുള്ള ആപ്പുകൾ നിലവിലുണ്ടെങ്കിലും മലയാളത്തിൽ മറ്റു ഭാഷകൾ പഠിക്കാനുള്ള സൗകര്യം വികസിപ്പിച്ചെടുത്തത് ആദ്യമായാണ്. ആദ്യ ഘട്ടത്തിൽ ഇംഗ്ലീഷ്, ഹിന്ദി, ജെർമ്മൻ , ഫ്രഞ്ച്, സ്പാനിഷ് തുടങ്ങി നിലവിൽ 24 ഭാഷകൾ ഗോകുൽ കൃഷ്‌ണയുടെ ആപ്പ് വഴി മലയാളത്തിൽ പഠിക്കാം. ഉടൻ തന്നെ 31 ഭാഷകൾ പഠിക്കാൻ സാധിക്കും. കൂടാതെ ഇതിൽ ലഭ്യമായ ഏതെങ്കിലും ഒരു ഭാഷകൾ ഉപയോഗിച്ച് മറ്റ് ഭാഷകളും പഠിക്കാം. വിദേശത്ത് പോകുന്നവർക്ക് ഈ ആപ്പ് വളരെ ഗുണകരമാവുമെന്ന് ഗോകുൽ കൃഷ്ണ പറയുന്നു. lingomate.apk.com എന്ന വെബ്സൈറ്റിൽ നിലവിൽ ഈ ആപ്പുണ്ട്. ഉടൻ തന്നെ പ്ലേ സ്‌റ്റോറിലും ആപ്പ് ലഭ്യമാകും. ഭാഷകളുടെ ഉച്ചാരണവും വ്യാകരണവും നിത്യ ജീവിതത്തിലെ പ്രയോഗങ്ങളുമെല്ലാം ആപ്പിൽ ലഭ്യമാണെന്ന് ഗോകുൽ കൃഷ്ണ പത്രസമ്മേളനത്തിൽ പറഞ്ഞു. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്വന്തമായി ആപ്പ് നിർമിക്കാനുള്ള ആഗ്രഹം തോന്നിയത്. അവധിക്കാലം ഇതിനുവേണ്ടി മാറ്റിവയ്ക്കുകയും ചെയ്തു. ആറുമാസം കൊണ്ടാണ് ഗോകുൽ കൃഷ്ണ ഈ ആപ്പ് വികസിപ്പിച്ചെടുത്തത്.ഗോകുൽ കൃഷ്‌ണ നേരത്തെ പലർക്കും വർക്ക് സൈറ്റുകൾ തയ്യാറാക്കി നൽകിയിരുന്നു. ഇതിൽ നിന്നുള്ള പ്രചോദനമാണ് ഈ ആപ്പ് കണ്ടുപിടിക്കാൻ കാരണമായത്. ഇപ്പോൾ ആവശ്യക്കാർക്ക് ഐടിയുമായി ബന്ധപ്പെട്ട സേവനങ്ങൾ ഗോകുൽ കൃഷ്‌ണ ചെയ്ത് കൊടുക്കാറുണ്ട്. ഐഒസിയിലും, ആൻഡ്രോയ്ഡിലും ഒരേ പോലെ ഉപയോഗിക്കാൻ കഴിയുന്ന വെബ്സൈറ്റ് ഡെവലപ്മെൻ്റും, ആപ്ലിക്കേഷൻ ഡെവലപ്മെൻ്റ്, 3d ആനിമേറ്റഡ് നോർമൽ വെബ്സൈറ്റ് തുടങ്ങിയ സേവനങ്ങൾ ആവശ്യക്കാർക്ക് നൽകുന്നുണ്ട്. 

 ബളാംതോട് ഗവ:ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ കൊമേഴ്‌സ് വിദ്യാർത്ഥിയാണ് ഗോകുൽ കൃഷ്‌ണ. കമ്പ്യൂട്ടറിൽ ബിരുദ പഠനം നടത്താനാണ് ആഗ്രഹമെന്ന് ഗോകുൽ കൃഷ്ണ പറഞ്ഞു. പാണത്തൂർ കുണ്ടുപ്പള്ളിയിലെ കുയ്യങ്ങാട്ട് പി കൃഷ്‌ണകുമാർ രഞ്ജിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഗോവിന്ദ് കൃഷ്ണ, ഗൗതം കൃഷ്ണ. ഫോൺ:8281425978. ആപ്പിൻ്റെ ലോഞ്ചിങ്ങ് പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി രഘുനാഥ് സ്വിച്ച് ഓൺ ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.കെ വേണുഗോപാൽ, എം ഷിബു, സാമൂഹ്യ പ്രവർത്തകൻ എം.കെ സുരേഷ് എന്നിവർ സംബന്ധിച്ചു.കാഞ്ഞങ്ങാട് വച്ച് നടന്ന പത്ര സമ്മേളനത്തിൽ പനത്തടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ വേണുഗോപാൽ, എം ഷിബു, പിതാവ് പി കൃഷ്ണകുമാർ, ബന്ധുവായ രാജീവ, സിസ്‌റ്റം മാനേജർ ബി ജിതേഷ് എന്നിവർ പങ്കെടുത്തു.