മാലോത്ത് എന്ന പേരിൽ ഒരു പഞ്ചായത്ത് ഉണ്ടായിരുന്നു എന്നും അതിന്റെ ആസ്ഥാനം ഇന്നത്തെ ഇടത്തോട് ആയിരുന്നുവെന്നും മാലോംകാർക്ക് പോലും അറിയണമെന്നില്ല. ഒരു കാലത്ത് നായ്ക്കയം മുതൽ കോട്ടൻചേരി കർണാടക അതിർത്തി വരെയുള്ള കുന്നുകൾ വ്യാപിച്ചു കിടന്ന ഭൂപ്രദേശമാണ് മാലോം എന്നറിയപെട്ടിരുന്നത്. ഈ ചരിത്രം ഓർമപെടുത്തുന്ന ഒരു മാളിക ഇപ്പോഴും ഇടത്തോട് സ്ഥിതി ചെയുന്നുണ്ട്.
• മാലോത്ത് പഞ്ചായത്ത്
1954 ജൂൺ 10 നാണു മാലോത്ത് പഞ്ചായത്തിന്റെ ആദ്യ ഭരണസമിതി നിലവിൽ വരുന്നത്. വോട്ടർമാർ കൈപൊക്കി പിന്തുണച്ചായിരുന്നു 7 അംഗങ്ങളെ തെരഞ്ഞെടുത്തത്. ബി.കുഞ്ഞിരാമൻനായർ ആയിരുന്നു പ്രസിഡന്റ്, പി കുഞ്ഞമ്പുനായർ, പി കുഞ്ഞിക്കോമൻ, എൻ ശങ്കരൻ എൻ. ശങ്കരൻ നായർനായർ, കല്ലൻഞ്ചിറ കുഞാമ്മദ്, എൻ. കൃഷ്ണൻ നായർ, പി കുഞ്ഞിരാമൻ നായർ എന്നിവർ അംഗങ്ങൾ. 1963 ൽ രണ്ടാമത്തെ ഭരണസമിതി നിലവിൽ വന്നു. മാലോത്ത് പട്ടേലറായിരുന്ന ചെരിപ്പാടി കുഞ്ഞിക്കണ്ണൻ നായരായിരുന്നു പ്രസിഡന്റ്. നാട്ടുകാർ പഞ്ചായത്ത് മാളിക എന്ന് വിളിക്കുന്ന ഈ കെട്ടിടത്തിലായിരുന്നു ഭരണസമിതി യോഗം ചേർന്നിരുന്നത്. 20 വർഷത്തോളം ഈ മാളികയിൽ പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ചു. മാലോം പട്ടേലരുടെ അനന്തരാവകാശികളുടെ കൈവശമാണ് ഇപ്പോൾ ഈ കെട്ടിടം.
• മാലോത്ത് മാറി ബളാൽ ആയി
പഴയ മാലോത്ത് പഞ്ചായത്തിന്റെ പേര് തന്നെ മാറി ഇന്നത്തെ ബളാൽ ഗ്രാമ പഞ്ചായത്ത് ആയ ചരിത്രം തന്നെ പറയാനുണ്ട് മലനാടിന്. നായ്ക്കയം മുതൽ കർണാടക വരെ അതിവിശാലമായിരുന്നു അന്ന് മാലോം എന്ന കാർഷിക ഗ്രാമം. ഇന്നത്തെ മാലോം ടൗണിൽ നിന്നും 20 കിലോമീറ്റർ അകലെ ഇടത്തോട് ആയിരുന്നു മാലോം പട്ടേലരുടെ കേന്ദ്രം ഇതാണ് ആദ്യം അന്നത്തെ പഞ്ചായത്ത് ആസ്ഥാനമായി മാറിയത്. 1962 ൽ അധികാരിയായ പട്ടേലരുടെ താല്പര്യവും ജനങ്ങളുടെ സൗകര്യവും പരിഗണിച്ച് ഇടത്തോട് നിന്ന് പിന്നീട് ബളാലിലേക്ക് ആസ്ഥാനം മാറ്റുകയായിരുന്നു. അപ്പോഴും പേര് മാലോത്ത് പഞ്ചായത്ത് എന്ന് തന്നെയായിരുന്നു. 1979 ലെ ഭരണസമിതിയുടെ കാലത്താണ് ഔദ്യോഗികമായി പേരു മാറ്റിയത്. ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥലത്തിന്റെ പേര് തന്നെ വേണമെന്ന് താല്പര്യമായിരുന്നു ഇതിനു പുറകിൽ.
• കിഴക്കിന്റെ ഇനിയും നടക്കാത്ത സ്വപ്നമായി മാലോം ഗ്രാമം പഞ്ചായത്ത്
അന്ന് പേര് മാറ്റാൻ മറ്റൊരു കാരണമായത് അതിവിശാലമായ പഴയ മാലോത്ത് പഞ്ചായത്ത് വിഭജിച്ച് ഇന്നത്തെ മാലോം ടൗൺ കേന്ദ്രമാക്കി കിഴക്ക് മാലോം ഗ്രാമ പഞ്ചായത്ത് എന്ന പേരിൽ പുതിയ പഞ്ചായത്ത് വരുമെന്ന് കണക്കുകൂട്ടൽ കൂടിയായിരുന്നു. ഇതിനുള്ള നീക്കങ്ങൾ ദീർഘകാലം ഉണ്ടായെങ്കിലും യാഥാർത്ഥ്യമായില്ല. ബളാൽ പഞ്ചായത്തിലെ മാലോത്ത് വില്ലേജും വെസ്റ്റ് എളേരി പഞ്ചായത്തിലെ പറമ്പ കരുവങ്കയം ഭാഗങ്ങൾ കൂടെ കൂട്ടിച്ചേർത്ത് മാലോം ആസ്ഥാനമായി പുതിയ മാലോം ഗ്രാമപഞ്ചായത്ത് എന്നത് കിഴക്കിന്റെ സ്വപ്നമായി ഇന്നും തുടരുന്നു.

0 അഭിപ്രായങ്ങള്