മാലോം: മലനാടിന്റെ മടിത്തട്ടിൽ ക്രിസ്മസിന്റെ വരവറിയിച്ച് പതിവ് പോലെ ഇത്തവണയും മാലോം സെന്റ് ജോർജ് ഫോറോന പള്ളിക്ക് മുൻപിൽ വമ്പൻ ക്രിസ്മസ് നക്ഷത്രം മിഴി തുറന്നു. 70 അടി ഉയരത്തിലും 40 അടി വീതിയിലും നിർമ്മിച്ച ഈ നക്ഷത്രം, പ്രിന്റഡ് ക്ലോത്തിൽ നിർമ്മിക്കപെട്ട കേരളത്തിലെ ഏറ്റവും വലിയ ക്രിസ്മസ് നക്ഷത്രമായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ തവണത്തെതിലും 10 അടിയോളം വലിപ്പം കൂടുതലുണ്ട് ഇത്തവണത്തെ നക്ഷത്രത്തിന്. നാലു കിൻഡൽ ഇരുമ്പ് പൈപ്പും, 1500sqft. തുണിയും, നൂറിലധികം ട്യൂബ് ലൈറ്റുകളും, 30 ഹാലോജൻ ലൈറ്റുകളുമായി ആഴ്ചകൾ കൊണ്ട് പൂർത്തിയാക്കിയ വമ്പൻ നക്ഷത്രം വലിയ ക്രെയിൻ ഉപയോഗിച്ചാണ് പള്ളി ഗ്രൗണ്ടിൽ സ്ഥാപിച്ചിരിക്കുന്നത്. വലിയ നക്ഷത്രത്തോട് അനുബന്ധിച്ച് ഇടവകയിലെ 600 കുടുംബങ്ങളെ പ്രതിനിധീകരിച്ച് 600 ചെറിയ എൽഇഡി നക്ഷത്രങ്ങൾ കൊണ്ട് ഗ്രൗണ്ട് മുഴുവൻ പ്രകാശപൂരിതമാകുന്ന രീതിയിൽ അലങ്കരിച്ചിരിക്കുന്നു, കൂടാതെ സാന്താക്ലോസും, ക്രിസ്മസ് ആശംസകൾ എഴുതിയ ബാനറും ഉൾപ്പെടെ സ്ഥാപച്ചിട്ടുണ്ട്. രാത്രിയിൽ കിലോമീറ്ററുകൾ അകലെയുള്ള കുന്നുകളിൽ നിന്ന് പോലും നക്ഷത്രത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കാൻ സാധിക്കുന്നു. മലയോര ഹൈവേയിൽ യാത്ര ചെയ്യുന്നവരെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് ക്രിസ്മസ് കാലത്ത് മാലോം ഇടവക ദൈവാലയം സമ്മാനിക്കുന്നത്. രാത്രിയും പകലുമായി ഇതുവഴി സഞ്ചരിക്കുന്ന ഭൂരിഭാഗം യാത്രക്കാരും ഈ വമ്പൻ നക്ഷത്രത്തോടൊപ്പം ഫോട്ടോ എടുത്താണ് യാത്ര തുടരുന്നത്.

0 അഭിപ്രായങ്ങള്‍