അന്നൊരു ചൈത്ര പൗർണമിയായിരുന്നു. സമയം 1992 ഏപ്രിൽ 17 വൈകിട്ട് അഞ്ച്.
സ്ഥലം: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വയനാടുകാരൻ ടി.എ.അഷറഫിന്റെ മാലോം വള്ളിക്കടവിലെ കൊച്ചു വാടകമുറി.
വള്ളിക്കടവ് കസ്ബ യുവജന കേന്ദ്രം പ്രസിഡന്റ് ജോർജുകുട്ടി തോമസ് വർഷങ്ങൾക്കു പിറകിലെ ഓർമകൾ ചികഞ്ഞെടുത്തു. യുവാക്കളുടെ സാംസ്കാരിക സംഘടനയായ കസ്ബ യുവജന കേന്ദ്രത്തിന്റെ പ്രത്യേക ജനറൽബോഡി യോഗം കൂടിയായിരുന്നു അത്. അന്നത്തെ യോഗ അജൻഡ ഒരു കാര്യത്തിൽ മാത്രമൊതുങ്ങുന്നതായിരുന്നു.
അന്നു വരെ കൊന്നക്കാട് പുഴ, പറമ്പാറ്, പുങ്ങംചാൽ പുഴ, മങ്ങോട് പുഴ എന്നൊക്കെ വിവിധ സ്ഥലങ്ങളിൽ സ്ഥലനാമങ്ങളാൽ മാത്രം അറിയപ്പെട്ടിരുന്ന, കോട്ടഞ്ചേരിക്കുന്നിലെ തടാകത്തിൽ നിന്ന് ഉത്ഭവിച്ച് മുക്കടയിൽ കാര്യങ്കോട് പുഴയുമായി സംഗമിക്കുന്നതുമായ പുഴക്ക് ഒരൊറ്റ പേരു ചാർത്തണം. പേര് ഞാൻ കണ്ടെത്തിയിട്ടുണ്ടായിരുന്നു – "ചൈത്രവാഹിനി". ആദ്യ കേൾവിയിൽ തന്നെ ഹൃദയഹാരിയായ ആ പേര് യോഗം ഏകകണ്ഠമായി അംഗീകരിച്ചു. അങ്ങനെയായിരുന്നു ചൈത്രവാഹിനി എന്ന പേര് വെള്ളരിക്കുണ്ട് താലൂക്കിലെ പ്രധാന പുഴയ്ക്ക് വന്നു ചേർന്നത്. എന്തുകൊണ്ട് ഈ പേര്? കസ്‌ബ യുവജന കേന്ദ്രം ആരംഭിച്ചത് അതിനും 3 വർഷം മുൻപുള്ള ഏപ്രിലിലെ വിഷുദിനത്തിൽ മേടം ഒന്നിനായിരുന്നു. അത് ചൈത്രമാസമായിരുന്നു. ചൈത്രമെന്നാൽ വസന്തത്തിന്റെ മാസം. ഞങ്ങളുടെ ക്ലബ് നാട്ടിൽ വസന്തം കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. ആ ആഗ്രഹത്തെ -ചൈത്രത്തെ - വഹിക്കുന്നവളാണ് ഞങ്ങളുടെ ഹൃദയവാഹിനിയായ പുഴ. മലയോരത്തിന്റെ ഈ പുണ്യവാഹിനിക്ക് പേര് ചൈത്രവാഹിനിയെന്ന പേര് അങ്ങനെ ഉറപ്പിച്ചു. അക്കാലത്ത് മലയാള മനോരമയുടെ ലേഖകനായിരുന്നു ഞാൻ. മനോരമ കണ്ണൂർ യൂണിറ്റിലെ അന്നത്തെ മേധാവി ഇ.സോമനാഥിനും ഈ പേര് ഇഷ്ടമായി. അദ്ദേഹം എല്ലാ പുഴ വാർത്തകളിലും ചൈത്രവാഹിനി എന്നു തന്നെ ചേർത്തു. പത്രവാർത്തകളിൽ പുഴയ്ക്ക് ഒറ്റപ്പേര് ചൈത്രവാഹിനി എന്ന് നൽകിത്തുടങ്ങിയത് പേരിന് അംഗീകാരം കിട്ടാൻ എളുപ്പമായി. പിന്നീട് മറ്റ് പത്രങ്ങളും ചൈത്രവാഹിനി എന്ന് എഴുതിത്തുടങ്ങി. പുങ്ങംചാലിൽ പുഴയ്ക്ക് പാലം വേണമെന്ന ആവശ്യം നിയമസഭയിൽ അവതരിപ്പിക്കവേ അന്നത്തെ തൃക്കരിപ്പൂർ എംഎൽഎ കെ.പി.സതീഷ്ചന്ദ്രൻ ചൈത്രവാഹിനി എന്ന പേര് ഉപയോഗിച്ചത് പാലത്തിന് അനുമതി ലഭിച്ചപ്പോൾ ആ പേരിന് ഔദ്യോഗിക പരിവേഷം ലഭിക്കാനും ഇടയാക്കി. ക്രമേണ ജനമനസ്സുകളിൽ ചൈത്രവാഹിനി ഇടം നേടി.
പേരിടലിന്റെ രജത ജൂബിലി ആഘോഷം ക്ലബ് പ്രവർത്തകർ 4 വർഷം മുൻപ് വള്ളിക്കടവ് കല്ലങ്കയത്ത് ചൈത്രവാഹിനി പുഴയിലിറങ്ങി നിന്ന് കലാപരിപാടികൾ അവതരിപ്പിച്ച് ആഘോഷിച്ചിരുന്നു. ഈ വർഷം ഇന്നലെയാരുന്നു ചൈത്ര പൗർണമി. കോവിഡ് സാഹചര്യമായതിനാൽ ഓൺലൈൻ പരിപാടിയായാണ് പേരിടലിന്റെ 29ാം വാർഷികം ഇന്നലെ ആഘോഷിച്ചത്.
മനോരമ : ഏപ്രിൽ 28, 2021
ചൈത്രധാര തടാകം
പുഴയുടെ പേരിന് പിന്നാലെ ഉൽഭവ സ്ഥാനങ്ങളിലൊന്നായ കോട്ടഞ്ചേരി മല മുകളിലെ ചെറുതടാകം ചൈത്രധാര എന്ന് അറിയപ്പെട്ട് തുടങ്ങി
മാലോം റിവർ ഐലൻഡ്സ്
ചൈവാഹിനി പുഴയിലെ വള്ളിക്കടവ് സമീപമുള്ള ചെറു തുരുത്തുകൾ മാലോം റിവർ ഐലൻഡ്സ് എന്ന പേരിൽ വിനോദ സഞ്ചാരികൾക്ക് ഏറെ പ്രസിദ്ധമായ ഒരിടമായി മാറി. വിവാഹ ഫോട്ടോഗ്രാഫിക്കും, ഒഴിവു സമയം ചെലവിടാനും ഒക്കെയായി ഇന്ന് നിരവധിയാളുകൾ ഇവിടെ എത്തുന്നു.
0 അഭിപ്രായങ്ങള്