മാലോം: ഭഗവാൻ ഗണപതിയുടെ ജന്മദിന ഉത്സവമായ വിനായക ചതുർത്ഥി അഥവാ ഗണേശചതുർത്ഥി ആഘോഷങ്ങൾക്ക് മലയോരത്ത് ഒരുക്കങ്ങൾ പൂർത്തിയാകുന്നു. പുങ്ങംചാൽ സംസ്കൃതി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ഈമാസം 8 ന് നടക്കുന്ന ആഘോഷപരിപാടികളുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
8 ന് രാവിലെ കൊന്നക്കാട് മുത്തപ്പൻ മഠപ്പുരസന്നിധിയിൽ വിഗ്രഹപ്രതിഷ്ഠ നടക്കും. വെള്ളരിക്കുണ്ട് കക്കയം ക്ഷേത്രമേൽ ശാന്തി ഗണേഷ് ഭട്ട് പ്രതിഷ്ഠചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. തുടർന്ന് മഹാഗണപതി ഹോമം. നാമജപം മംഗളആരതി എന്നിവ നടക്കും. വൈകിട്ട് 4 മണിക്ക് മുത്തുക്കുടകൾ, വാദ്യ ഘോഷങ്ങൾ, ഭജന സംഘങ്ങൾ, എന്നിവയുടെ അകമ്പടിയോടെ കൊന്നക്കാട് നിന്നും പുങ്ങംചാലിലേക്ക് ഗണപതി വിഗ്രഹം വഹിച്ചു കൊണ്ട് ഘോഷയാത്രനടക്കും. ഭക്തജനമനസുകളെ സാക്ഷിനിർത്തി രാത്രി 8 മണിയോടെ ചൈത്രവാഹിനിപുഴയിൽ ഗണേശ വിഗ്രഹനിമഞ്ചനംചെയ്യും.
വിഗ്രഹനിമഞ്ജനചടങ്ങിനായി നാടാകെ ഒഴുകിയെത്തുമെന്നും ജാതി മതഭേദമന്യേ ആർക്കും ഗണപതി വിഗ്രഹത്തിന് പുഷ്പങ്ങൾ അർപ്പിക്കാമെന്നും സംഘാടകർ പറഞ്ഞു. പുതിയ തുടക്കങ്ങളുടെയും വിഘ്‌നങ്ങൾ അകറ്റുന്നതിന്റെയും ദൈവമായിട്ടാണ് വിശ്വാസികൾ ഗണപതിഭഗവാനെ കാണുന്നത്.
0 അഭിപ്രായങ്ങള്‍