വെള്ളരിക്കുണ്ട്: അവികസിതമായ വെള്ളരിക്കുണ്ട് താലൂക്കിന്റെ സമഗ്രവികസനത്തിന് മലയോര മേഖലയിൽ പുതിയ പഞ്ചായത്തുകൾ ആവശ്യമാണ്. ജില്ലയിലെതന്നെ ഏറ്റവും വിസ്തൃതിയുള്ള കിനാനൂര്‍-കരിന്തളം പഞ്ചായത്ത് വിഭജിച്ച് ഒരിക്കൽ പ്രഖ്യാപിച്ച പരപ്പ പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യം ഇപ്പോഴും മലയോര മേഖലയിൽ ശക്തമായി നിലനില്‍ക്കുന്നുണ്ടെങ്കിലും മറ്റൊരു വലിയ പഞ്ചായത്തായ കോടോം ബേള്ളൂർ കൂടി വിഭചിച്ചു കാലിച്ചാനടുക്കം ആസ്ഥാനമായി പഞ്ചായത്ത് രൂപീകരിക്കാനാണ് ഭരണകക്ഷിക്ക് താല്പര്യം. അതുപോലെ ബളാൽ വെസ്റ്റ് എളേരി പഞ്ചായത്തുകളുടെ കിഴക്കൻ മേഖലയിൽ നിലകൊള്ളുന്ന മാലോത്ത് വില്ലേജ് ഉൾപ്പെടുത്തി മാലോം ആസ്ഥാനമായി പഞ്ചായത്ത് പ്രഖ്യാപിക്കണമെന്ന് ആവശ്യവും മലനാട് പ്രദേശങ്ങളിലുള്ളവർ വർഷങ്ങളായി ഉന്നയിക്കുന്നു. വെസ്റ്റ് എളേരി, ബളാൽ പഞ്ചായത്ത്കളുടെ കിഴക്കേറ്റത്തുള്ള ആളുകള്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി കിലോമീറ്ററുകള്‍ സഞ്ചരിച്ച് വേണം ബളാൽ/ഭീമനടി ടൗണുകളിൽ എത്താൻ എന്ന അവസ്ഥ നിലവിൽ രണ്ട് പഞ്ചായത്തുകളിലുമുണ്ട്.
പരപ്പ, മാലോം തുടങ്ങിയ കിഴക്കൻ ടൗണുകൾ ആസ്ഥാനമായി പുതിയ പഞ്ചായത്തുകൾ വന്നാൽ രാഷ്ട്രീയ സ്വഭാവത്തില്‍ യുഡിഎഫിന് മേല്‍ക്കൈ ലഭിച്ചേക്കുമെന്ന ആശങ്കയാണ് ഇക്കാര്യത്തില്‍ എല്‍ഡിഎഫിനെ പിറകോട്ടു വലിക്കുന്നത്. മുൻപ് ബേഡഡുക്ക, പനത്തടി പഞ്ചായത്തുകൾ വിഭചിച്ച് കള്ളാർ പഞ്ചായത്ത് വന്ന് യുഡിഎഫിന്റെ ഉറച്ച കോട്ടയായി മാറിയതും ഇടത്പക്ഷത്തിനു അനുഭവമുണ്ട്.
പരപ്പ പരിഗണിക്കാതെ കിനാനൂര്‍-കരിന്തളത്തിനൊപ്പം വലിയ വിസ്തൃതിയുള്ള കോടോം-ബേളൂര്‍ കൂടി വിഭജിച്ച് കാലിച്ചാനടുക്കം ആസ്ഥാനമായി പുതിയ പഞ്ചായത്ത് രൂപീകരിച്ചാൽ രണ്ടു പഞ്ചായത്തുകളുടെ കാര്യത്തിലും വിശാലമായി പരന്നുകിടക്കുന്ന ഭൂവിസ്തൃതി പൊതുജനങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്ന കാര്യത്തിലും വികസനപദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തിലും ഒരു പരിധിവരെ പ്രതിബന്ധമാകുന്നുണ്ട്.
ബേഡഡുക്ക, പനത്തടി പഞ്ചായത്തുകളെ 2000 ല്‍ വിഭജിച്ച് യഥാക്രമം കുറ്റിക്കോല്‍, കള്ളാര്‍ പഞ്ചായത്തുകള്‍ രൂപീകരിച്ചതാണ് ജില്ലയുടെ മലയോരമേഖലയില്‍ ഏറ്റവും ഒടുവില്‍ നടന്ന പഞ്ചായത്ത് വിഭജനം. അതത് പ്രദേശങ്ങളുടെ തികച്ചും സമതുലിതമായ വികസനം ഉറപ്പുവരുത്താനായി എന്നതുതന്നെയായിരുന്നു ഇതിന്റെ നേട്ടം.
0 അഭിപ്രായങ്ങള്‍