മാലോം ചരിത്രം

 



മലകളുടെ ലോകം” അഥവാ “മഹാലോകം” എന്നതില്‍ നിന്നാണ് മാലോം എന്നാ സ്ഥലപേര് ഉണ്ടായത് എന്ന് കരുതുന്നു. കിഴക് പുല്‍മേടുകള്‍ നിറഞ്ഞ കുടകു മലനിരകളും തെക്ക് കോട്ടന്‍ചേരി മലനിരകളും വടക്ക് മരുതോം മാനിയും ,റാണിപുരവും പടിഞ്ഞാറു എളേരി-പുന്നകുന്നു കുന്നുകളും ഒരു കോട്ടപോലെ മാലോം ഗ്രാമത്തിന്‍റെ നാല് വശവും ഉയര്‍ന്നു നിന്ന് ഇവിടുത്തെ കാലവസ്ഥയെയും മണ്ണിനെയും സംരക്ഷിച്ചു നിറുത്തുന്നു. ഇന്നത്തെ ഇടത്തോട്,ബളാല്‍ മുതല്‍ എളേരിതട്ട്, മരുതോം, കൊന്നക്കാട്, തയ്യേനി വരെയുള്ള മലമ്ബ്രദേശങ്ങളെല്ലാം (ഇന്നത്തെ വെള്ളരിക്കുണ്ട് താലൂക്കിലെ മലനാട് പ്രദേശങ്ങള്‍) മുഴുവനായി മാലോം എന്നാണ് ഒരു കാലത്ത് അറിയപെട്ടിരുന്നത്.

കാസറഗോഡ് ജില്ലയിലെ ബളാല്‍ പഞ്ചായത്തില്‍ പെടുന്ന ഇന്നത്തെ മാലോം പ്രദേശത്തിന് ചിരപുരതനമായ ഒരു ചരിത്രം തന്നെ ഉണ്ട്. പഴഞ്ചുല്ലുകളില്‍ പോലും കടന്നു കൂടിയിട്ടുള്ള മലോത്തിന്‍റെ ചരിത്ര രേഖ നൂറ്റാണ്ടുകളോളം നീളും. (ഇതിനു ഉദാഹരണം ആണ് “ഏറെ തിന്നാന്‍ മാലോത്ത്‌ എത്തണം”,  “മല കയറിയാല്‍ മാലോത്ത്‌ എത്താം” തുടങ്ങിയ വായിത്താരികള്‍.) കോട്ടന്‍ചേരി ദേവസ്ഥാനവും, അടുക്കളക്കുന്നു ഭഗവതി ക്ഷേത്രവും,മലോത്തെ ഉയര്‍ന്ന മലനിരകളും തേജസ്വിനി പുഴയുടെ കൈ വഴികളായ ചൈത്രവാഹിനി പുഴയും നീലിപുഴയും അടങ്ങുന്ന ഒരു സംസ്കാരം ഇവിടെ നിലനിന്നിരുന്നു. ഒരിക്കലും വറ്റാത്ത ഉറവകളും നല്ല കാലാവസ്ഥയും മലോത്തിനെ നെല്ലിന്‍റെ നാടായി മാറ്റിയിരുന്നു. അതിനാല്‍ തന്നെ മാലോത്ത്‌ വരള്‍ച്ചയോ ദാരിദ്രമോ ഉണ്ടായതായി പഴമക്കാര്‍ക്ക് പോലും അറിവില്ല എന്ന് മാത്രവുമല്ല കലാപരമായും സാംസ്‌കാരികമായും വളരെ ഉയര്‍ന്ന തലത്തിലായിരുന്നു ഇവിടുത്തുകാരുടെ ജീവിതം എന്ന് ചരിത്രം തുറന്നുകാട്ടുന്നു. നാടന്‍ അനുഷ്ടാനങ്ങളുടെയും, കലകുടെയും സംഗമഭൂമി കൂടെയായിരുന്നു ഇവിടം. മലോത്തിന്‍റെ മണ്ണിലേക്ക് ആധുനിക കാര്‍ഷിക രീതിയും  സംസ്കാരവും നാണ്യവികളുടെ വരവുമുണ്ടായത് മധ്യതിരുവിധാകൂറില്‍ നിന്നുമുള്ള ക്രിസ്ത്യന്‍ കുടിയേറ്റത്തോട് കൂടിയാണ്.


Post a Comment

0 Comments